സെക്രട്ടറിയേറ്റിന് മുന്നിൽ കേരള പിഎസ്സി റാങ്ക് ഹോൾഡർമാർ നടത്തുന്ന അനിശ്ചിതകാല സമരത്തിന് പിന്തുണയുമായി ടൊവീനോയും നസ്ലിനുമടക്കമുള്ള താരങ്ങൾ.
രഞ്ജിനി ഹരിദാസ്, ചന്തു സലിംകുമാർ, ലിയോണ ലിഷോയ്, ദീപ തോമസ് തുടങ്ങിയവരും ഉദ്യോഗാർഥികളുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി രംഗത്ത് വന്നിട്ടുണ്ട്.
നീറ്റ് പരീക്ഷാ വിഷയത്തിൽ ഇടപെട്ടവർ കേരളത്തിൽ നടക്കുന്ന പിഎസ്സി ഉദ്യോഗാർഥികളുടെ സമരത്തെ അവഗണിക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധം ഉയർന്നതിന് പിന്നാലെയാണ് സിനിമാ താരങ്ങള് പിന്തുണയുമായി മുന്നോട്ടുവന്നത്.
ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതിന് പിന്നാലെ തിരുവനന്തപുരത്തെ പിഎസ്സി സമരത്തെക്കുറിച്ച് സംസാരിക്കാത്തതെന്ത് എന്ന ചോദ്യവുമായി നിരവധി സന്ദേശങ്ങൾ ലഭിച്ചതായി രഞ്ജിനി ഹരിദാസ് കുറിച്ചു.
വിഷയത്തിന്റെ പൂർണരൂപം മനസിലാക്കാൻ ഓൺലൈനിൽ വിവരങ്ങൾ പര്യാപ്തമല്ലെന്നും സമരക്കാരുമായി നേരിട്ട് സംസാരിച്ച് കാര്യങ്ങൾ പഠിച്ച ശേഷം പൂർണ പിന്തുണയോടെ കൂടെയുണ്ടാകുമെന്നും രഞ്ജിനി വ്യക്തമാക്കി.
‘‘എല്ലാവർക്കും നമസ്കാരം, കഴിഞ്ഞ കുറച്ചു ദിവസങ്ങളായി, ഞാൻ ഡൽഹിയിലെ സമരങ്ങളിൽ പങ്കെടുത്തതുമുതൽ, സെക്രട്ടറിയേറ്റിന് മുന്നിൽ ഇപ്പോൾ നടക്കുന്ന കേരള പി.എസ്.സി ഉദ്യോഗാർത്ഥികളുടെ സമരത്തെക്കുറിച്ച് എന്തുകൊണ്ട് സംസാരിക്കുന്നില്ല എന്ന് ചോദിച്ച് നിരവധിയാളുകളാണ് സന്ദേശങ്ങൾ അയക്കുന്നത്.
സത്യം പറഞ്ഞാൽ, നിങ്ങളിലധികം പേരും ഈ വിഷയം ചൂണ്ടിക്കാണിക്കുന്നത് വരെ ഇതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ലായിരുന്നു. ഇപ്പോഴും, വിഷയത്തിന്റെ പൂർണ രൂപം മനസ്സിലാക്കാൻ തക്ക വിവരങ്ങൾ ഓൺലൈനിൽ ലഭ്യമായിട്ടില്ല. അതുകൊണ്ട് തന്നെ, ഇത്തരം സാഹചര്യങ്ങളിൽ ചെയ്യേണ്ട ശരിയായ കാര്യം തന്നെയാണ് ഞാൻ ചെയ്യുന്നത്, എന്താണ് സംഭവിക്കുന്നതെന്ന് വ്യക്തമായി പഠിക്കാനും മനസ്സിലാക്കാനും ഞാൻ ശ്രമിക്കുകയാണ്.
ഈ സമരം നയിക്കുന്ന ഉദ്യോഗാർഥികളോ അവരുടെ പ്രതിനിധികളോ ഇത് കാണുന്നുണ്ടെങ്കിൽ, അല്ലെങ്കിൽ നിങ്ങൾക്ക് അവരെ അറിയാമെങ്കിൽ, ദയവായി ഞങ്ങളെ തമ്മിൽ ബന്ധപ്പെടുത്തുക. അവരുടെ ബന്ധപ്പെടേണ്ട വിവരങ്ങൾ പങ്കുവെക്കുകയോ താഴെ ടാഗ് ചെയ്യുകയോ ചെയ്യുക. അവരോട് നേരിട്ട് സംസാരിക്കാനും അവരുടെ ആശങ്കകൾ മനസ്സിലാക്കാനും എനിക്ക് ആഗ്രഹമുണ്ട്.
എന്നെ കാര്യങ്ങൾ അറിയിക്കുകയും ജാഗ്രതയോടെ ചോദ്യങ്ങൾ ചോദിക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. ഡൽഹിയിലായാലും കേരളത്തിലായാലും രാജ്യത്തിന്റെ ഏത് കോണിലായാലും, അർഹതപ്പെട്ട ഒരു വിഷയവും കേൾക്കാതെ പോകരുത്.
ഈ വിഷയം കൃത്യമായി പഠിച്ച ശേഷം, എന്റെ ശബ്ദത്തിന് കൂടുതൽ ആളുകളിലേക്ക് കാര്യങ്ങൾ എത്തിക്കാനും നല്ലൊരു മാറ്റത്തിന് കാരണമാകാനും സാധിക്കുമെന്ന് നിങ്ങൾക്ക് തോന്നുകയാണെങ്കിൽ, നിങ്ങളോടൊപ്പം നിൽക്കാൻ ഞാൻ തികച്ചും സന്നദ്ധയാണ്. എന്നെക്കൊണ്ട് എന്തെങ്കിലും സഹായം ചെയ്യാൻ സാധിക്കുമെങ്കിൽ, തീർച്ചയായും ഞാൻ കൂടെയുണ്ടാകും.’’രഞ്ജിനി ഹരിദാസ് കുറിച്ചു.
ദേശീയ തലത്തിലെ പ്രശ്നങ്ങളിൽ മാത്രം ശബ്ദമുയർത്തുകയും സ്വന്തം നാട്ടിലെ ഉദ്യോഗാർഥികളുടെ ന്യായമായ ആവശ്യങ്ങളെ അവഗണിക്കുകയും ചെയ്യുന്നതിനെതിരെ ശക്തമായ ഭാഷയിലാണ് നടൻ ചന്തു സലിംകുമാർ പ്രതികരിച്ചത്.
‘‘തിരഞ്ഞെടുത്ത വിഷയങ്ങളിൽ മാത്രം ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നത് നമ്മെ അനീതികളിൽ നിന്ന് വേറിട്ടു നിർത്തുന്നില്ല! നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച വലിയൊരു വിഷയം തന്നെയാണ്! അതുപോലെ തന്നെ പ്രധാനപ്പെട്ടതാണ് പി.എസ്.സി ഭരണസംവിധാനത്തിലെ വീഴ്ചകളും! അതുകൊണ്ട് കൊച്ചിയിലും മാനവീയം വീഥിയിലും ഒത്തുകൂടുന്ന പ്രിയപ്പെട്ടവരെ, നമുക്ക് ഈ വിഷയത്തെ ഗൗരവത്തോടെ കാണാം. കേൾക്കേണ്ടിടത്ത് ഉയർന്ന ശബ്ദത്തിൽ തന്നെ പ്രതികരിക്കാം. നമ്മുടെ ലക്ഷ്യങ്ങളെ വിഭജിക്കാൻ രാഷ്ട്രീയ പാർട്ടികളെ അനുവദിക്കരുത്.
അതിർത്തികൾക്കതീതമായി, ഇന്ത്യയിലെ യുവത്വവും അവരുടെ പരിശ്രമങ്ങളും വിലപ്പെട്ടതാണ്, അല്ലേ? ചിന്തിക്കൂ.’’സമരം ചെയ്യുന്ന റാങ്ക് ഹോൾഡേഴ്സിന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ചന്തു സലിം കുമാർ കുറിച്ചു.